Saturday, July 05, 2008

നന്മ പ്രസരിക്കുന്ന ടി.വി.പ്രോഗ്രാമുകൾ

റോഡു ക്രോസ്സു ചെയ്യാന്‍ വിഷമിച്ചു വടികുത്തി വിറച്ചു വിറച്ചു പതിയെ നടന്നു നീങ്ങുന്ന ഒരു വൃദ്ധനും വൃദ്ധയും.
പിന്നില്‍ കാത്തു നിന്നു ക്ഷമകെട്ടു ഹോണ്‍ അടിച്ചു അക്ഷമപ്രകടിപ്പിക്കുന്ന ചില വണ്ടിക്കാര്‍.
മനസ്സലിഞ്ഞ ഒരാള്‍ വണ്ടി പാര്‍ക്കിംഗ്‌ സിഗ്നലിട്ടു നിര്‍ത്തി, കാറില്‍ നിന്നിറങ്ങി അവരെ കൈ പിടിച്ചു റോഡുമുറിച്ചു കടക്കാന്‍ സഹായിക്കുന്നു. ഹോണടിച്ചു ശല്യപ്പെടുത്തുന്ന മറ്റു വണ്ടിക്കാരെ അയാള്‍ ശകാരിക്കുന്നു.
റോഡു മുറിച്ചു കടന്നിട്ടും വൃദ്ധനും വൃദ്ധയും ആ യുവാവിന്റെ കയ്യിലെ പിടുത്തം വിടുന്നില്ല. പിടുത്തത്തിന്റെ ശക്തി കരുത്തരായ യുവാക്കളുടേതാണെന്നു തിരിച്ചറിഞ്ഞ അയാള്‍ സംശയത്തോടെ തുറിച്ചവരെ നോക്കുന്നു.
അഭിനയം തീര്‍ന്ന അവര്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ താടിയിലെ കൃത്രിമത്താടിയിലെ നരച്ച രോമങ്ങള്‍ അവിടവിടെ ഇളകി നില്‍ക്കുന്നതു കണ്ടു.
അപ്പോള്‍ അവര്‍ തന്നെ വിഢ്ഢിയാക്കുകയായിരുന്നോ എന്നു തെറ്റിദ്ധരിച്ചു അവരോടു പിന്നെ വഴക്കായി.
പക്ഷെ അപ്പോഴേക്കും ഒളിച്ചു വെച്ച ക്യാമറ കാണിച്ചയാള്‍ പറഞ്ഞു താങ്കളെ ടി.വി യില്‍ ലോകം മുഴുവന്‍ കാണുകയാണ്‌.മനുഷ്യരിലെ നന്മ പകര്‍ത്താനും പ്രസരിപ്പിക്കാനുമുള്ള ഒരു അറബിക്‌ ടി.വി, പ്രോഗ്രാമാണിത്‌.
അയാള്‍ക്കു സമ്മാനമായി ഒരു കവറില്‍ എന്തോ കൊടുക്കുന്നതു കണ്ടു.
കുറച്ചധികം സമയം കാറിനകത്തു കാത്തിരിക്കേണ്ടി വന്നതിനാല്‍ അവരുടെ മറ്റു ചില സ്കിറ്റുകളും കാണാന്‍ പറ്റി.
ഷോപ്പിംഗ്‌ മാളില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ക്കു ഫ്രീയായി കൂള്‍ഡ്രിംഗ്സു നല്‍കി, അതിന്റെ വേസ്റ്റ്‌ ബോട്ടില്‍ ഗാര്‍ബേജ്‌ ബിന്നിലേക്കിടുന്നവരെ പ്രത്യേകം കാണിച്ചു അവര്‍ക്കു സമ്മാനം കൊടുത്ത്ക്കുന്ന മറ്റൊരു രംഗവും അവിടെ നിന്നു തന്നെ ഷൂട്ടു ചെയ്തു.
സിഗ്നലിന്റെ തൊട്ടടുത്തു ക്യാമറ ഒളിച്ചു വെച്ചു സിഗ്നല്‍ നിയമങ്ങള്‍ ശരിയായി പാലിക്കുന്ന കാല്‍നടയാത്രക്കാരനെ പിന്തുടര്‍ന്നു ക്യാമറകൊണ്ടു കാണിക്കുന്ന ഒരു രംഗം തലേന്നു എടുത്തിരുന്നുവെന്നു ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. കൃത്യമായി നിയമം പാലിച്ചു കാല്‍നടക്കാരന്റെ പച്ച സിഗ്നല്‍ കാത്തുന്നതു വരെ കാത്തു നിന്നു റോഡു മുറിച്ചു കടന്ന ഒരു പാവം മലബാരിയുടെ പിറകെ സമ്മാനവുമായി വന്ന ക്യാമറ ഒളിച്ചു വെച്ച വാനിനെ കണ്ടു അയാള്‍ ഓടി രക്ഷപ്പെട്ട കഥയും ഡ്രൈവര്‍ തന്നെയാണു പറഞ്ഞത്‌.

ഈ പ്രോഗ്രാമിനെ അനുകരിച്ചു ഏതോ മലയാളം ടി.വി. ചാനലിലും ഇതുപോലെ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും നന്മ പരത്തുന്നതോ പ്രചരിപ്പിക്കുന്നതോ ആയിരുന്നില്ല.
ചില ടി.വി, പരിപാടികള്‍ കാണുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം അനിവാര്യമായിരിക്കുന്നു എന്നു തോന്നും.
ഷക്കീലയും അഭിലാഷയും തിയ്യേറ്ററുകളില്‍ തകര്‍ത്താടിയപ്പോഴാണ്‌ കേരളത്തിലെ കുടുംബപ്രേക്ഷകര്‍ തിയേറ്ററുകള്‍ ബഹിഷ്കരിച്ചതെന്നും അവരെ വീണ്ടും തീയേറ്ററിലേക്കു കൊണ്ടു വരാന്‍ മാക്ടയും അമ്മയും പല ശ്രമം നടത്തിയിട്ടും വിജയിച്ചില്ലന്നോര്‍ക്കുന്നതും. ഇതേ അവസ്ഥ കന്യാസ്ത്രീയുടെ നീലക്ലിപ്പിംഗുകള്‍ കാണിക്കുന്ന ചാനലുകള്‍ക്കും വേശ്യകള്‍ നേടിയ ഉന്നതിയെക്കുറിച്ചുള്ള അഭിമുഖം കാണിച്ച മലയാളം ടി.വി.ചാനലുകല്‍ക്കും ഒരു പാഠമാകേണ്ടതുണ്ട്‌.
കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിക്കാതെ അതു ചെയ്തതു തെറ്റ്‌,
അതില്‍ പങ്കാളിയാവുകയും അതു പരസ്യമാക്കുകയും ചെയ്ത ഡ്രൈവര്‍ ചെയ്തതു അതിലും വലിയ തെറ്റ്‌.
ആ വാര്‍ത്ത ലീക്കായപ്പോള്‍ അതിന്റെ ക്ലിപ്പിംഗുകള്‍ സഹിതം വാര്‍ത്തയിലെ "നീല" ആസ്വാദ്യമായി അവതരിപ്പിക്കുകയും അവര്‍ ആത്മഹത്യ ചെയ്തതോടെ (ബ്ലോഗില്‍ നിന്നറിഞ്ഞത്‌) അതേ തുറര്‍ന്നുള്ള എല്ലാ വാര്‍ത്തയും മൂടിവെച്ച ചാനലുകള്‍ ചെയ്തതു അതിലും വലിയ തെറ്റ്‌.
ആ തെറ്റിനെ ജനങ്ങല്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ ബ്ലോഗ്‌ എന്ന ശക്തമായ ഒരു മാധ്യമം ഉണ്ടായിട്ടും പ്രതികരിക്കാത്ത ബ്ലോഗേര്‍സു ചെയ്തതു അതിനെക്കാള്‍ തീവ്രമായ മറ്റൊരു തെറ്റ്‌.
എന്റെ തെറ്റു ഞാന്‍ തിരുത്തുന്നു.
നന്മ പ്രചരിപ്പിക്കാനും പ്രസരിപ്പിക്കാനുമായിരിക്കണം ആധുനീക വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം എന്നു വിശ്വസിക്കുകയും അതിന്നായി ശ്രമിക്കുകയും ചെയ്യുന്ന ഒരു ബ്ലോഗര്‍.

ക്യാമറ വാനിൽ ഒളിപ്പിച്ചു വെക്കുന്നു.

മറ്റൊരു ക്യാമറ കറുത്ത സ്ക്രീനിനു പിറകിൽ

വൃദ്ധ വേച്ചു വേച്ചു നടന്നു വരുന്നു

സംഭാഷണം നടക്കുന്നു.

3 comments:

കരീം മാഷ്‌ said...

നന്മ പ്രചരിപ്പിക്കാനും പ്രസരിപ്പിക്കാനുമായിരിക്കണം ആധുനീക വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം എന്നു വിശ്വസിക്കുകയും അതിന്നായി ശ്രമിക്കുകയും ചെയ്യുന്ന ഒരു ബ്ലോഗര്‍.

Unknown said...

ഇതു തന്നെ നമ്മുടെ നാട്ടില്‍ തരികിട

കരീം മാഷ്‌ said...

അനൂപ്
"തരികിട" എന്ന പരിപാടി പണ്ട് അജ്‌മാന്‍ ടിവിയില്‍ വന്നിരുന്ന ഒരു ജോക്ക് & മോക്കിംഗ് വിദേശ ടി.വി. പരിപാടിയുടെ "ഇഴക് മഹനാ" എന്ന അറബി തര്‍ജമയായിരുന്നു. അതില്‍ മനുഷ്യരെ കളിയാക്കലും പറ്റിക്കലും മാത്രമായിരുന്നു പരിപാടി. എന്നാല്‍ ഈ പരിപാടി തുടങ്ങിയതു മുതല്‍ നന്മയാണു പ്രചരിപ്പിക്കുന്നത്. അതിനാലാണ്‍്‌ ഞാന്‍ ശ്രദ്ധിച്ചതും.
അഭിപ്രായത്തിനു നന്ദി