Sunday, December 31, 2006

ഇതൊരു ചില്ലു പാത്രം


2006 എനിക്കെന്തു തന്നു
തിരിഞ്ഞു നോക്കുമ്പോള്‍ തലകറങ്ങുന്നു.
ഒരു പാടു അനുഭവങ്ങള്‍.
സൗഹൃദത്തിന്റെ വല ഇന്റര്‍നെറ്റിലേക്കു നീട്ടി വീശിയ വര്‍ഷം.
ബ്ലോഗിലേക്കു കാലെടുത്ത്‌ വെച്ചു, എഴുതി വെച്ചവയും,പുതുതായി എഴുതിയവയും നാലാളുടെ മുന്നില്‍ വെച്ച വര്‍ഷം.
വിമര്‍ശനങ്ങളും,അഭിനന്ദനങ്ങളും സ്വീകരിച്ച്‌ ഞാന്‍ എന്നെ മനസ്സിലാക്കാന്‍ തുടങ്ങിയ വര്‍ഷം.

ഒരുപാടു പുതിയ കൂട്ടുകാര്‍ ( ഒരേ തൂവല്‍ പക്ഷികള്‍).
ഓരൊരുത്തരുടേയും പേരു പറയുന്നില്ല.
എല്ലാരും എനിക്കു പ്രിയപെട്ടവര്‍.
അധികമാരോടും വഴക്കിടാതെ, പിണങ്ങാതെ, ഗ്രൂപ്പുകള്‍ക്കു പിടികൊടുക്കാതെ,
ഒരു 2006 കടന്നു പോകുന്നു.

മനസ്സിന്റെ ശാന്തതയില്‍ എവിടെനിന്നൊക്കെയോ കല്ലുകള്‍ വന്നു വീണപ്പോള്‍ ഓളങ്ങള്‍ കൊണ്ടു പ്രക്ഷുബ്ദമായ മനസ്സോടെ സക്കീനാവക്കീല്‍ കുറിച്ച ഇത്തിരി ശകാരം കേട്ടങ്കിലും ഇപ്പോള്‍ എല്ലാ ദിവസവും മുടങ്ങാതെ അവര്‍ മാഷേയെന്നു വിളിച്ചു വിശേഷം തെരക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്‌.കൂടെ ഒരേട്ടന്റെ ഉത്തരവാദിത്ത്വവും.
എന്റെ മലയാളം ബ്ലൊഗിനു ജില്ലാ ആസ്ഥാനത്തെ പോലീസ്‌ വകുപ്പില്‍ നിന്നു "ഗുഡ്‌ സര്‍വീസ്‌" ഓറല്‍ സര്‍ട്ടിഫിക്കറ്റു കിട്ടിയ വര്‍ഷം.
"കേട്ട പാട്ടുകള്‍ മധുരം, ഇനി കേള്‍ക്കാനുള്ളവ അതിനെക്കാള്‍ മധുരം"

വിവിധ എമിരേറ്റുകളില്‍ വളരെ പ്രതാപത്തോടെ വാണ ഒരു മള്‍ട്ടി നാഷണല്‍ ഗ്രൂപ്പിന്റെ മാനേജ്‌മന്റ്‌ പുതുതായി വന്ന ചതിയന്മാരുടെ കൊള്ളരുതായ്മകാരണം സമരവും പട്ടിണിയും അനുഭവിച്ചു 300 തൊഴിലാളികളില്‍ 200 പേരും അക്കൗണ്ട്‌സിലെ സഹപ്രവര്‍ത്തകരില്‍ പതിനഞ്ചു പേരില്‍ പതിനാലു പേരും പിരിഞ്ഞു പോയിട്ടും പത്തു മാസത്തെ ശമ്പളം പെന്‍ഡിംഗായിട്ടും കമ്പനിയെ രക്ഷപ്പെടുത്തുക അല്ലങ്കില്‍ വൈന്‍ഡിംഗ്‌ അപ്പിന്നു സാക്ഷിയാകുക എന്ന ഉറച്ച തീരുമാനമെടുത്തു ചീഫ്‌ അക്കൗണ്ടന്റായി തുടര്‍ന്ന വര്‍ഷം.
എന്റെ ഒഴിച്ചുള്ളവരുടെയെല്ലാം എല്ലാമാസത്തെ ശമ്പളക്കുടിശ്ശികയും തീര്‍ത്തു കൊടുക്കാന്‍ കഴിഞ്ഞ വര്‍ഷം.
ഒരു അക്കൗണ്ടന്റ്‌ എന്ന നിലയില്‍ ഏറ്റവും സംതൃപ്തി കിട്ടിയ വര്‍ഷം.

എന്റെ അത്മാംശമുള്ള കഥകളില്‍ ഞാന്‍ ഏറ്റവു ഇഷ്ടപ്പെടുന്ന കഥക്ക്‌,

ഞാന്‍ ഏറ്റവും ആഗ്രഹിച്ച വ്യക്തിയില്‍ നിന്നു കമണ്ടു കിട്ടിയ വര്‍ഷം.
അവര്‍ എന്റെ ബ്ലോഗു വായിച്ചിരിക്കുന്നു. ഇല്ലങ്കില്‍ ഞാന്‍ ആ സമയത്ത്‌ ലീവില്‍ അവിടെയുണ്ടാവുമെന്ന്‌ അവരറിയാനിടയില്ല.
ഞാന്‍ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എനിക്കൊരു തുറക്കാത്ത, Sky blue നിറമുള്ള, ഫ്രം അഡ്രസെഴുതാത്ത കവര്‍ തന്നു സാബി പറഞ്ഞു ഇതാരുടേതെന്ന് ഊഹിക്കാമോ?
കയ്യക്ഷരത്തിലെ ഒരു വാക്കു മതിയായിരുന്നു അതൂഹിക്കാന്‍.
പുറമേ ബാസവന്‍ഗുഡി ഹെഡ്‌പോസ്റ്റ്‌ ഓഫീസ്, ബാംഗ്ലൂര്‍ എന്ന സീലും 560026 എന്ന പിന്‍കോഡു നമ്പറും.
ഞാന്‍ ശ്രീമതിക്കു അതു തിരിച്ചു കൊടുത്തു പറഞ്ഞു.
"ഇതു ഞാന്‍ വായിക്കുന്നില്ല. നീ ഇതു നിന്റെ ലോക്കറില്‍ വെക്കുക.നമ്മളിലാരെങ്കിലും മരണപ്പെട്ടതിന്നു ശേഷം ഇതു വായിക്കാം".
2006 ഒരു വിശേഷം വര്‍ഷം തന്നെയായിരുന്നു. 2007 ഉം അതേ പോലെയാവട്ടെ!
മുകളില്‍ കൊടുത്ത ചിത്രം.( ആരും ശരിയുത്തരമയച്ചില്ല)
ഇതു ഡൈനിംഗ്‌ ടേബിളിനു മുകളില്‍ വെക്കുന്നു.(പഞ്ചസാര,ഉപ്പ്‌,കുരുമുളകു പൊടി.ജീരകം തുടങ്ങിയവ വ്യക്തിതാല്‍പര്യത്തിനനുസരിച്ച്‌ ചേര്‍ക്കാന്‍ വേണ്ടി ഉദ്ദേശിച്ചു വെക്കുന്നത്‌)

"എല്ലാവര്‍ക്കും സ്നേഹ സമൃദ്ധമായ പുതുവല്‍സരാശംസകള്‍".

8 comments:

കരീം മാഷ്‌ said...

2006 എനിക്കെന്തു തന്നു
ബ്ലോഗിലേക്കു കാലെടുത്ത്‌ വെച്ചു, എഴുതി വെച്ചവയും,പുതുതായി എഴുതിയവയും നാലാളുടെ മുന്നില്‍ വെച്ച വര്‍ഷം.
വിമര്‍ശനങ്ങളും,അഭിനന്ദനങ്ങളും സ്വീകരിച്ച്‌ ഞാന്‍ എന്നെ മനസ്സിലാക്കാന്‍ തുടങ്ങിയ വര്‍ഷം.

"എല്ലാവര്‍ക്കും സ്നേഹ സമൃദ്ധമായ പുതുവല്‍സരാശംസകള്‍".

sandoz said...

ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.ബ്ലോഗിന്റെ ഏതെങ്കിലും വഴിത്താരകളില്‍ വച്ച്‌ നമുക്ക്‌ ഇനിയും കണ്ടുമുട്ടാം.

കുറുമാന്‍ said...

കരീം മാഷിനും, കുടുംബത്തിന്നും പുതുവത്സരാശംസകള്‍

വിശാല മനസ്കന്‍ said...

കരിമാഷേ..

റ്റച്ചിങ്ങ് പോസ്റ്റ്.

മാഷ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. 2007 ഡിസംബറില്‍ ഇതേപോലെ എഴുതാന്‍ ഒരുപാട് കൂടുതല്‍ നല്ല വിശേഷങ്ങള്‍ ഉണ്ടാവട്ടേ.

കൊടകരയിലെ സാധാരണക്കാരെ കുറിച്ച് മാത്രം എഴുതുകയും അതേ പോലെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്ന അവകാശവാദങ്ങള്‍ കാണാമറയത്തിരുന്ന് പറയുകയും എന്നിട്ട് രാത്രിയില്‍ വരെ സണ്‍ ഗ്ലാസ് വക്കുകയും തലയില്‍ ജെല്ല് തേയ്ച്ച് നടക്കുകയും ചെയ്യുന്നു എന്ന സത്യം എന്നെ പലപ്പോഴും നാണിപ്പിച്ചിട്ടുണ്ട്. മാഷെ കാണുമ്പോഴെല്ലാം ആ ഒരു ചമ്മല്‍ എനിക്ക് കൂടുന്നതായും തോന്നാറുമുണ്ട്.

കരിം മാഷ്, സാധാരണക്കാരനാണെന്ന് പറയുകയും അതേ പോലെ ജീവിക്കുകയും ചെയ്യുന്ന ആളാണ്. ഒരു നല്ല മനുഷ്യന്‍. 2006 ന്റെ എന്റെ നേട്ടങ്ങളിലൊന്ന് മാഷെ പരിചയപ്പെട്ടതാണ് എന്ന് പറയാന്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ..

നമ്മുടെ കൈപ്പള്ളി മാഷ് പറഞ്ഞപോലെ, ഞാന്‍ എന്റെ ശരീരമാകുന്ന ജഢത്തെ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു, 2007 എനിക്ക് ആ തോന്നല്‍ കുറച്ചു കൊണ്ടുവരുവാനുള്ള കാലമാണ്.

(ഇനിമുതല്‍ ഞാന്‍ കുളിയും ജപവുമില്ലാതെ നടക്കണം എന്നല്ല കൈപ്പള്ളി എന്നോട് പറഞ്ഞതും, ഞാന്‍ ഇവിടെ ഉദ്ദേശിച്ചതും!)

വിഷ്യു ഏ പ്രോസ്പറസ് ന്യൂയര്‍.

യാത്രാമൊഴി said...

കരീം മാഷിനും കുടുംബത്തിനും പുതുവത്സരാശംസകള്‍...

വക്കാരിമഷ്‌ടാ said...

കരീം മാഷിനും കുടുംബത്തിനും നവവത്സരാശംസകള്‍.

നല്ല പോസ്റ്റ്. 2007 നെ വരവേല്‍ക്കുന്ന തിരക്കിനിടയ്ക്കും പുറകോട്ടൊന്ന് നോക്കി 2005 ന്റെ അവസാനം നമ്മളെടുത്ത തീരുമാനങ്ങളും 2006 -ല്‍ ചെയ്യാന്‍ പറ്റിയ കാര്യങ്ങളും പറ്റാത്ത കാര്യങ്ങളും ഒക്കെ ഒന്ന് ഓര്‍മ്മിച്ചാല്‍ 2007 ഒന്നുകൂടി മധുരം നിറഞ്ഞതായിരിക്കും.

അലിഫ് /alif said...

പുതുവല്‍സരാശംസകള്‍

Kiranz..!! said...

മാഷേ..മനോഹരമായി എഴുതിയിരിക്കുന്നു. വക്കാരി പറഞ്ഞത് പോലെ പഴയവര്‍ഷത്തിന്റെ ഓര്‍മ്മ പങ്കു വയ്ക്കുന്നതും ഒരു കണക്കെടുപ്പ് നടത്തുന്നതും പുതുവര്‍ഷത്തിനെ വേണ്ടരീതിയില്‍ വരവേല്‍ക്കാന്‍ സാധിക്കും..!