Thursday, March 22, 2007

മാനം

പ്രവാസലോകം ഒരു പ്രിസന്‍ ലൈഫെന്നു വൈകി മനസ്സിലാക്കി ഭാണ്ഡം മുറുക്കി,
ഇനിയെങ്കിലും കുഞ്ഞുങ്ങള്‍ക്കു കൂര്യാറ്റയും കുമ്മാട്ടിയും കാണിച്ചു കൊടുക്കട്ടെയെന്നു പറഞ്ഞു
ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്റെ അവസാന ഗേറ്റു കടന്നു നിര്‍ത്താതെ കൈ വീശി എസ്കലേറ്ററില്‍ ഉയര്‍ന്നു പൊങ്ങിപ്പോയ കിളിപ്പെണ്ണും പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളും കൂടെയുണ്ടായിരുന്നത്രകാലം നീ എവിടെയായിരുന്നു.
ഞാന്‍ നിന്നെ ശ്രദ്ധിക്കാത്തതിനാലോ അതോ നീ എന്നെ ഗൗനിക്കാത്തതിനാലോ!
നാമെന്തേ പരസ്പരം ഒന്നായതില്ല.

തനിച്ചായ എന്റെ ജീവിതത്തില്‍ ഊഷരത വളരുന്നുവെന്നാദ്യം വിളിച്ചറിയിച്ചതു നീയല്ലെ!
പലപ്പോഴും നീ എന്നരികിലേക്കു വരാന്‍ ശ്രമിക്കുന്നതു നീലവിരിയിട്ട ജാലകത്തിലൂടെ ഞാന്‍ ഒളിഞ്ഞു നോക്കി.
അന്നൊക്കെ വെറുതെ പ്രലോഭിച്ചു നീ കടന്നു പോയി.
നീ അടുത്തെത്തുമ്പോള്‍ എനിക്കു വല്ലാത്ത കുളിരായിരുന്നു.വാതിലുകള്‍ വലിച്ചു തുറന്നു നിന്നെ പൂര്‍ണ്ണമായി എന്നിലേക്കാവാഹിക്കനും പുണരാനും കൊതിച്ചിരുന്നു.
രോഗാണു വാഹകയാണു നീയെന്ന മുന്നറിയിപ്പുകൊണ്ടെന്നെ പണ്ടേ വിലക്കിയതെന്റെ പ്രിയതമ തന്നെ!
നിന്റെ വരവു മുന്നേ പറയുന്ന ആ മദിപ്പിക്കുന്ന മണവും ത്രസിപ്പിക്കുന്ന താളവും കൊണ്ടു നീ എന്നെ ടീസു ചെയ്യുകയായിരുന്നല്ലേ കള്ളീ.
നിന്റെ ചേലകളുടെ വര്‍ണ്ണങ്ങള്‍ ഇടക്കിടക്കു മാറ്റി നീയെന്നെ ഭ്രാന്തു പിടിപ്പിച്ചു, ഇടക്കു ശ്യാമ വര്‍ണ്ണവും മറ്റു ചിലപ്പോള്‍ അരുണ വര്‍ണ്ണവും നീ മാറി മാറിയണിഞ്ഞു.
ഇന്നു ഞാന്‍ നിന്റെ വരവു നേരത്തെയറിയുന്നു.
ഞാന്‍ നിന്നെ പുണരാന്‍ കൊതിക്കുന്നു.രക്ഷപ്പെടാനാവത്ത വിധം നിന്നെ ഞാന്‍ എന്നിലണിയും.
ഞാനെന്റെ വാതിലുകള്‍ വലിച്ചു തുറന്നു നിന്നടുത്തെത്തുകയായി.ഇനി ഈ വര്‍ഷം നിന്നെ ഇത്ര സൗകര്യമായി പുല്‍കാനാവില്ലന്നറിയാം.
ഞാന്‍ നിന്നെയൊന്നു നഗ്നമായി കണ്ടോട്ടെ!. നിന്റെ സ്പര്‍ശനം കൊണ്ടീ മേനിയില്‍ ഒരാവേശം കത്തിപ്പടരട്ടെ!
ഗൃഹാതുരത അതിന്റെ പീലി വിടര്‍ത്തിയാടട്ടെ!
ഞാനൊരു മയിലായി പുനര്‍ജ്ജനിക്കട്ടെ!
മാനം മഴയായി പെയ്യട്ടെ!
മനമതില്‍ തുള്ളിക്കളിക്കട്ടെ!
അവസാന വരികളിലും ഈ ഫോട്ടോവിലും ഞാനെന്റെ മാനം വീണ്ടെടുക്കട്ടെ!

19 comments:

കരീം മാഷ്‌ said...

ഇന്നു ഞാന്‍ നിന്റെ വരവു നേരത്തെയറിയുന്നു.
ഞാന്‍ നിന്നെ പുണരാന്‍ കൊതിക്കുന്നു.രക്ഷപ്പെടാനാവത്ത വിധം നിന്നെ ഞാന്‍ എന്നിലണിയും.
ഞാനെന്റെ വാതിലുകള്‍ വലിച്ചു തുറന്നു നിന്നടുത്തെത്തുകയായി.ഇനി ഈ വര്‍ഷം നിന്നെ ഇത്ര സൗകര്യമായി പുല്‍കാനാവില്ലന്നറിയാം.

...പാപ്പരാസി... said...

മാഷെ,ഈ മഴ നാട്ടിലേയാണോ?അതോ ഗള്‍ഫ്‌ മഴയോ? ഏതായാലും ഒരു മഴ നനഞ്ഞ പ്രതീതി.ചിത്രവും അതിലേറേ നന്നായി.

കരീം മാഷ്‌ said...

ഈ മഴ ഗള്‍ഫില്‍ പെയ്ത അവസാന മഴ. ഈ വര്‍ഷം നല്ല മഴകിട്ടി.അവസാന മഴകൊണ്ടു ഒരാഴ്ച്ച അവധിയുമെടുത്തു.

ശാലിനി said...

മഴയും മാനവും നന്നായി.

കുഞ്ഞുങ്ങളെ നാട്ടില്‍ വിട്ടത് നന്നായി എന്ന് സാബിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മനസിലാവും.

salim | സാലിം said...

മാഷെ, മഴയെ പ്രേമിക്കുന്നതൊക്കെ കൊള്ളാം പക്ഷെ പുറത്തിറങ്ങി പ്രേമിക്കണ്ടാ. ഗള്‍ഫിലെ മഴയാണ്,നാളെയും ജോലിക്ക് പോകേണ്ടതാണ്

ബയാന്‍ said...

മഴ പെയ്യുന്ന ദിവസങ്ങളില്‍ ഞാന്‍ ജോലിസ്ഥലത്തു നിന്നും മുങ്ങും; മഴ ; എന്തോ എന്റെ കട്രോള്‍ വിട്ടു പോവും..എല്ലാ മഴയ്ക്കും നാട്ടിലുമെത്തും.. ഒമാനില്‍ കഴിഞ്ഞയാഴ്ച ആലിപ്പഴവര്‍ഷമുണ്ടായി എന്ന് ഇവിടെ കണ്ടു.

അപ്പു ആദ്യാക്ഷരി said...

മാഷേ..ഇന്ന് യൂ.എ. ല് മഴയുണ്ടാവും എന്ന് കാലാവസ്ഥക്കാര് പറഞ്ഞിട്ടുണ്ട്.

ഉണ്ണിക്കുട്ടന്‍ said...

എല്ലാവരും വലത്തോട്ടാണോ പോണേ..മാഷേ..
എന്നാ ഞന്‍ ഇടത്തോട്ടു പോകാം ..മാഷേ..
അപ്പോ എല്ലാരും എന്നെ ശ്രദ്ധിക്കും ..മാഷേ..
എല്ലാരും അയാളെ പുകഴ്ത്തുവാണല്ലോ..മാഷേ..
അപ്പോ ഞാന്‍ വിമര്‍ ശിക്കാം ...മാഷേ..
ഈ കവര്‍ എല്ലാര്‍ ക്കും ഇഷ്ടമായോ..മാഷേ..
എന്നാല്‍ അതിനെ മറ്റേ കണ്ണു കണ്ണു കൊണ്ടു നോക്കിയാലോ..മാഷേ..
ഞാന്‍ ഒരു ഭയങ്കരനാ അല്ലെ..മാഷേ..
എന്താ എല്ലാരും എന്നെ നോക്കണേ..മാഷേ..
എന്റെ മുഖത്തു കരി ഉണ്ടോ മാഷേ..

സാജന്‍| SAJAN said...

മാഷേ ഈ ഫോട്ടോയാണൊ ആദ്യം ഉണ്ടായത് അതൊ കവിതയാണൊ..
രണ്ടും ചേര്‍ന്നു നില്‍ക്കുന്നുവല്ലൊ...
എന്തായാലും.. സുന്ദരമായിരിക്കുന്നു...

sandoz said...

മാഷേ....ഫോട്ടനും കൊള്ളാം...കുറിപ്പടീം കൊള്ളാം......പക്ഷേ ഒരു സംശയം....എന്താ പോസ്റ്റിനു മാനം എന്നു പേരിട്ടത്‌......

ഞാന്‍ എന്റെ മാനം വീണ്ടെടുക്കട്ടെ എന്നു അവസാന കുറിപ്പടി ആയിട്ട്‌ കുറിച്ചിട്ടുമുണ്ട്‌...

എന്താ സംഭവം.......

സ്വാര്‍ത്ഥന്‍ said...

സാന്‍ഡോസേ, എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലേ? മാനം പോയി എന്ന് വ്യംഗ്യമാണോ? ;)

മാഷേ, ഇന്നിവിടെ ഖത്തറില്‍ നല്ല ഇടിവെട്ടും കാറ്റും മഴയുമാ. ഒരു തവണ കറന്റും പോയി! നാട്ടിലെത്തിയ ഫീലിംഗം...

ആവനാഴി said...

എടോ സാന്‍‌ഡോസേ,

ഈ അവസാന വരികള്‍‍ ഞാനും ശ്രദ്ധിച്ചു.

“അവസാന വരികളിലും ഈ ഫോട്ടോവിലും ഞാനെന്റെ മാനം വീണ്ടെടുക്കട്ടെ!”

അപ്പോള്‍ മാഷുടെ മാനം പോയി എന്നുള്ളതില്‍ രണ്ടഭിപ്രായമില്ല.പോയില്ലെങ്കില്‍ വീണ്ടെടുക്കാന്‍ ഇത്ര പങ്കപ്പാടു കഴിക്കണ്ട കാര്യമില്ലാല്ലോ?

എന്തു കുരുത്തം കെട്ട പണി കാണിച്ചിട്ടാണാവോ അദ്ദേഹത്തിന്റെ മാനം പോയത്?

മാനം പോയിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? അഭിമാനികള്‍ക്കു മാനമല്ലേ വലുത്.

ദുബായില്‍ എത്ര മാന്യമായി ജീവിക്കുന്ന ഒരാളാണു മാഷ്. വെറും ആപ്പയോ ഊപ്പയോ വല്ലതുമാണോ? മാഷല്ലേ.

വലിയ വലിയ സഹിതീസമ്മേളനങ്ങളിലൊക്കെ പങ്കെടുക്കുകയും (പുസ്തക പ്രകാശനം എന്നിവിടെ സാരം) വലിയ സാഹിത്യപഞ്ചാനനന്മാരൊപ്പം ചായ കുടിക്കാനൊരുങ്ങുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്ന ആളല്ലേ?

അങ്ങേരുടെ മാനം പോയി എന്നു കേട്ടാല്‍ ആരാ ഞെട്ടാത്തത്?

മാഷ് പറയുന്നത് കേള്:

“ഇനി ഈ വര്‍ഷം നിന്നെ ഇത്ര സൗകര്യമായി പുല്‍കാനാവില്ലന്നറിയാം.
ഞാന്‍ നിന്നെയൊന്നു നഗ്നമായി കണ്ടോട്ടെ!.”

ഓ മൈ ലോഡ്, അയ്യേ ഇത്ര വൃത്തികെട്ടവനോ ഈ മാഷ്.ഇതൊക്കെ ആരെങ്കിലും കണ്ടു കാണും. പിന്നെ മാനം പോയതിലെന്താ ഇത്ര അല്‍ഭുതം?

ഞാനും ആദ്യമൊന്നു ഞെട്ടിയെടോ സാന്‍ഡോസേ. പിന്നെയല്ലേ പിടികിട്ടിയത്, ഇതൊന്നു മല്ല മാഷ് ഉദ്ദേശിച്ചതെന്ന്.

ഊഷരമായ ആ മണല്‍ നഗരത്തില്‍ പലപ്പോഴും പ്രലോഭിപ്പിച്ചുകൊണ്ടു (വരുമെന്നാശകൊടുത്ത്) വരാതെ പോയ മഴ പിന്നീട് ചിന്നം പിന്നം പെയ്തപ്പോള്‍ ഉണ്ടായ ഹര്‍ഷോന്മാദം.

അതു കണ്ടപ്പോള്‍ ഗൃഹാതുരതയുമുണ്ടായി.

മാഷെ, മനോഹരമായ കവിത. കവിതയുടെ ആന്ദോളനങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന പ്രോസ്.

അഭിനന്ദനങ്ങള്‍ മാഷേ; ഇനിയും പോരട്ടെ.

സസ്നേഹം
ആവനാഴി.

കരീം മാഷ്‌ said...

ആഷയുടെ "അരയന്നങ്ങളുടെ നീന്തല്‍ മത്സരം" എന്ന പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയ ഒരു ഫീലിംഗാണു ഈ പോസ്റ്റിനാധാരം
ആ പോസ്റ്റിലെ എല്ലാ കമണ്ടുകളും വായിച്ചു തീര്‍ന്നിട്ടും ഫോട്ടോകള്‍ അപ്‌ലോഡായി തീര്‍ന്നിരുന്നില്ല. അതിനാല്‍ അത്രേം സമയം ടെന്‍ഷനായി ഇരുന്നു.
അതിനാല്‍ പിന്നീട്‌ ഫോട്ടോ കണ്ടപ്പോള്‍ കൂടുതല്‍ ആസ്വദിക്കാനായി.
അതേ ടെക്നിക്കാണു ഞാന്‍ ഇവിടെ ഉപയോഗിച്ചത്‌. ഗദ്യം മുഴുവന്‍ വായിച്ചു തീരുന്നതുവരെ വായനക്കാരനില്‍ ഒരു തെറ്റിദ്ധാരണയുണ്ടാക്കി അവസാന വരിയിലും ഫോട്ടോവിലും അതിന്റെ സസ്പെന്‍സ്‌ തകര്‍ക്കുന്ന ആശയം. പക്ഷെ ഫോട്ടോ ഒന്നു മാത്രമേയുള്ളൂ വെന്നതിനാല്‍ ആ ഫോട്ടൊ ആദ്യമേ തന്നെ അപ്‌ലോഡായി എന്നതും നമ്മുടെ ക്യൂരിയോസിറ്റി വായനയെ ഗദ്യത്തിനു മുന്‍പെ ചിത്രത്തിലേക്കു കൊണ്ടു പോകുന്നുവെന്നതും ഇതു പാളിപ്പോകാന്‍ കാരണമായി.
ഇതൊരു കവിതയായി തെറ്റിദ്ധരിക്കരുതെ!
രാജു ഇരിങ്ങല്‍ ഉണ്ടായിരുന്നങ്കില്‍ എന്നെ കൊന്നു കൊലവിളിച്ചേനെ!

ശാലിനി :-) കുഞ്ഞുങ്ങളെ നാടു കാണിച്ചതു വിനയായി (കന്നിനെ കയം കാണിക്കുക) അവരുടെ എതിര്‍പ്പു കൊണ്ടു മാത്രമാണിപ്പോള്‍ ഞാനിവിടെ തനിച്ചാവുന്നത്‌.

സാലിം :-) ഈ വര്‍ഷവും എന്റെ മേനിയില്‍ വര്‍ഷപാതമുണ്ടായി.അതിനാല്‍ അനുവദിക്കപ്പെട്ട സിക്കുലീവും കിട്ടി.
ബയാന്‍ :-) ഒമാനില്‍ ആലിപ്പഴം വീണുവല്ലെ! ഇവിടെ മഴ ഇക്കൊല്ലം തകര്‍ത്തു പെയ്തിട്ടും ആലിപ്പഴം കണ്ടില്ല. ഇനി ചൂടിന്റെ കാലങ്ങളായി.
അപ്പു :-) ഇന്നു മഴയുണ്ടാവുമെന്നു കരുതി ഞാന്‍ ജാലകത്തിലെ വിരി നീക്കി കാത്തിരുന്നു,ഇന്നുമവള്‍ തിരിഞ്ഞു നോക്കിയില്ല.
ഉണ്ണിക്കുട്ടന്‍ (ജിനു) :-(
സാജന്‍ :-) ഈ പോസ്റ്റിനു യാദൃശ്ചികതയുടെ മൂന്നു കാരണങ്ങള്‍ ( ആഷയുടെ പോസ്റ്റ്‌,രണ്ട്‌ ക്യാമറ കാലിയാക്കാന്‍ തോന്നിയ സമയം, മിസ്രി പുറത്തു പോയ ദിവസം)
സാന്‍ഡോസ്‌ :-) മാനത്തിന്റെ നാനാര്‍ത്ഥം ഞാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.ഒന്നു ആകാശം,രണ്ട്‌ അഭിമാനം. ആദ്യത്തെ വരികളില്‍ അഭിമാനം പണയം വെച്ചാണ്‌ ഞാന്‍ എഴുതിയത്‌. അവസാന വരികളില്‍ ആകാശത്തു നിന്നും ഞാന്‍ എന്നില്‍ പുരട്ടിയ മാനക്കേടു മാരി കൊണ്ടു കഴുകിക്കളഞ്ഞു. ( പക്ഷെ ഹാസ്യ സാമ്രാട്ടായ സാന്‍ഡോസിനു അതു മനസ്സിലായില്ലന്നോ? അതോ അതും ഒരു ഫലിതമോ? എതായാലും ഞാന്‍ ഒന്നു ചമ്മിപ്പോയി).
സ്വാര്‍ത്ഥന്‍ :-) ആ ചീഞ്ഞു നാറുന്നതു ഈ കമന്റിലൂടെ ഞാന്‍ എടുത്തു കളഞ്ഞില്ലേ എന്നു നോക്കൂ.
ആവനാഴി :-) നന്ദിയുണ്ട്‌. അങ്ങാണെന്റെ മാനം കാത്തത്‌, അതാ പറഞ്ഞത്‌ മാഷമ്മാരേ മാഷമ്മര്‍ക്കു കൂട്ടുണ്ടാവൂ ( അധ്യാപക ഐക്യം സിന്ദാബാദ്‌,സേവന വേതന,പെന്‍ഷന്‍ രീതികള്‍ പരിഷ്കരിക്കുക.. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌)

വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി

ആഷ | Asha said...

എന്റെ പോസ്റ്റും ഇതിനൊരു കാരണമായോ...സന്തോഷം.
ആവനാഴിയുടെ വിശദീകരണം കൊണ്ട് നേരേചൊവ്വേ മനസ്സിലാക്കാനായി. ബുദ്ധി ലേശം കുറവുള്ള കൂട്ടത്തിലാ ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍. അതു കൊണ്ട് കവിത എവിടെയുണ്ടോ ആ വഴി നോം പോവൂല്ലാ :)

qw_er_ty

സ്വാര്‍ത്ഥന്‍ said...

മാഷേ, ഇപ്പോ വോക്കെ ആയി :)
(അദ്ധ്യാപഹയ ഐക്യം സിന്ദാബാദ്!)

qw_er_ty

സു | Su said...

നല്ല ചിത്രം. :)

Areekkodan | അരീക്കോടന്‍ said...

മഴയും മാനവും നന്നായി മാഷെ.

മുസ്തഫ|musthapha said...

രാത്രി മഴ... നന്നായിരിക്കുന്നു :)

Sona said...

നന്നായിട്ടുണ്ട് കരിം മാഷേ പടവും,വരികളും.